കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്, സംശയ നിഴലിൽ സന്ദർശകർ
കവടിയാർ കൊട്ടാരം

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സന്ദര്‍ശകര്‍ ഉള്‍പ്പെടെ സംശയ നിഴലില്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. എന്നാല്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കവടിയാർ കൊട്ടാരത്തിൽനിന്ന് അമൂല്യരത്നങ്ങളടക്കം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്ന് മനസ്സിലായത് 2025 നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര തുറന്നപ്പോൾ. പിച്ചിപ്പുമൊട്ട് സ്വർണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് അപഹരിച്ചത്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ബംഗളൂരുവിലേക്ക് പോകുന്നതിന് 10 ദിവസം മുമ്പുവരെ ആഭരണം അവിടെയുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. കൊട്ടാരത്തിലുള്ളവർ ഉപയോഗിക്കാൻ എടുത്തതാവാമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് നിയമസഹായം തേടിയത്.

ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള സ്വർണ പാദസരം, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ, തൂക്കും പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ പിരിച്ചെയിനും, സ്വർണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *