‘ഞങ്ങളുടെ മിസൈല്‍ വ്യവസായത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം; ഇസ്രയേലിനെ ഞെട്ടിക്കാന്‍ മിസൈലുകള്‍ വരുന്നു’; പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം ഇറാന്റെ ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ (ഐആര്‍ജിസി) കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഐആര്‍ജിസിയുടെ വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയുണ്ടായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരെയുള്ള നൈനിയുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് മണിക്കൂറികള്‍ക്കു പിന്നാലെയാണ് നൈനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇസ്രയേലിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇറാന്റെ മിസൈല്‍ സേന സുസജ്ജമാണെന്നും ശത്രുക്കള്‍ക്കായി വലിയ ‘അത്ഭുതങ്ങള്‍’ കാത്തുവെച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് ബ്രിഗേഡിയര്‍ ജനറല്‍ റാങ്കിലുള്ള നൈനി കൊല്ലപ്പെട്ടത്.

ഇറാന്റെ മിസൈല്‍ ഉല്‍പ്പാദനം യുദ്ധകാലത്തും തടസ്സമില്ലാതെ തുടരുകയാണെന്നും മിസൈല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നൈനി നേരത്തെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സിനോട് പറഞ്ഞിരുന്നു. ‘ഞങ്ങളുടെ മിസൈല്‍ വ്യവസായത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം. ശത്രുക്കള്‍ക്കായി വലിയ സര്‍പ്രൈസുകള്‍ വരാനിരിക്കുന്നതേയുള്ളൂ. യുദ്ധം മുറുകുന്നതോടെ ഇത് കൂടുതല്‍ സങ്കീര്‍ണ്ണവും തീവ്രവുമാകും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇറാന്റെ പക്കല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ നൈനി കൊല്ലപ്പെട്ട വിവരം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘അമേരിക്കന്‍-സയണിസ്റ്റ്’ ഭീകരാക്രമണത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *