ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും; പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും എത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിവരം. ഇതുവരെ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് രണ്ടുഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇടതുപക്ഷത്തു നിന്നുള്ള മുന്‍മന്ത്രിയായ നേതാവിനെ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി നേതാവുമായി ബിജെപി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും സൂചനയുണ്ട്.

അതേസമയം, കേരളത്തിൽ ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസർകോട് ദില്ലി മുഖ്യമന്ത്രി, കണ്ണൂരില്‍ മണിപ്പൂർ മുഖ്യമന്ത്രി എന്നിവരെത്തും. കൊല്ലം കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ​ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *