ഒടുവിൽ രാജാവും വീണു; ബോക്സ് ഓഫീസിൽ ആഞ്ഞുവീശി ധുരന്ധർ കൊടുങ്കാറ്റ്;ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളിൽ

Dhurandhar 2 Box Office Collection Day 1: രൺവീർ സിംഗ് നായകനായ ‘ധുരന്ധർ 2: ദ റിവഞ്ച്’ ഗംഭീര പ്രതികരണങ്ങളുമായി ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുകയാണ്. ഇന്ത്യയിൽ മാത്രം 100 കോടിയിലധികം ഓപ്പണിങ് കളക്ഷൻ നേടിയ ആദ്യ ഹിന്ദി ചിത്രമെന്ന റെക്കോർഡും ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ സ്വന്തമാക്കിയ ചിത്രം പെയ്ഡ് പ്രിവ്യൂ കളക്ഷൻ അടക്കം 145.55 കോടി രൂപയാണ് ആകെ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുടനീളം 21,728 ഷോകളാണ് ഇന്നലെ നടന്നത്. ഷാരൂഖ് ഖാന്റെ ‘ജവാൻ’ (75 കോടി), ‘പഠാൻ’ (57 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നാണ് ധുരന്ധർ 2 മുന്നേറുന്നത്. ഇതോടെ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന ചിത്രമായി ഇത് മാറി.

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യ ദിനം ചിത്രം ഏകദേശം 172.63 കോടി രൂപ കളക്ട് ചെയ്തതായി ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ടു ചെയ്തു. അതേസമയം, ഹിന്ദി പതിപ്പിന് പുറമെ ധുരന്ധറിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പെയ്ഡ് പ്രിവ്യൂകൾ റദ്ദാക്കിയതിനാൽ മലയാളം, കന്നഡ പതിപ്പുകൾക്ക് തുടക്കത്തിൽ ചെറിയ മന്ദത അനുഭവപ്പെട്ടെങ്കിലും പിന്നീട് മികച്ച ഒക്യുപ്പൻസി രേഖപ്പെടുത്തി.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധറിൽ ഹംസ എന്ന ഐഡന്റിറ്റി സ്വീകരിച്ച ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രമായാണ് രൺവീർ സിംഗ് എത്തുന്നത്. ധുരന്ധറിന്റ ആദ്യ ഭാഗം ഡിസംബറിൽ റിലീസ് ചെയ്യുകയും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, ഏകദേശം മൂന്ന് മാസങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുന്നത്. രൺവീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *