വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എൻ.ഡി.പി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി: ഒടുവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്.എൻ.ഡി.പി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. വെള്ളാപ്പള്ളി, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. മാർച്ച് 16-നാണ് വെള്ളാപ്പള്ളി അപ്പീൽ സമർപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ സമർപ്പിച്ചത്.

സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈകോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപവൽകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ ചൂണ്ടികാണിച്ചിരുന്നു.

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈകോടതി വിധി സ്വാഗതം ചെയത് ശിവഗിരി മഠം ഉൾപ്പെടെ രംഗത്തുവന്നിരുന്നു. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്നായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *