ബി.ജെ.പി സീൽ വിവാദം; നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ നടപടി. ഗുരുതരമായ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മറ്റുപാർട്ടികൾ വിഷയം ചർച്ചയാക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ നടപടിയെടുക്കാൻ കമ്മീഷൻ നിർബന്ധിതരാവുകയായിരുന്നു. ക്ലറിക്കൽ പിഴവാണ് സംഭവിച്ചതെന്നാണ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം.

2019-ൽ പുറപ്പെടുവിച്ച ചില മാർഗനിർദ്ദേശങ്ങളെക്കുറിച്ച് വ്യക്തത തേടി ബി.ജെ.പി കേരള ഘടകം അടുത്തിടെ സി.ഇ.ഒ ഓഫീസിനെ സമീപിച്ചിരുന്നു. അന്ന് ബി.ജെ.പി സമർപ്പിച്ച അപേക്ഷയോടൊപ്പം 2019-ലെ ഒരു പഴയ കത്തിന്റെ പകർപ്പും ഉണ്ടായിരുന്നു. ഈ പകർപ്പിൽ പാർട്ടിയുടെ സീൽ പതിപ്പിച്ചിരുന്നു. ഈ രേഖ അശ്രദ്ധമായി ഫയലിൽ ഉൾപ്പെടുകയും തുടർന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ ഓഫീസിൽ നിന്ന് അയച്ച ഇമെയിലിൽ ഈ പകർപ്പ് കടന്നുകൂടുകയുമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, അതായത് മാർച്ച് 21-ന് തന്നെ പ്രസ്തുത കത്ത് പിൻവലിച്ചതായും ഇക്കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എന്നാൽ, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ ഔദ്യോഗിക രേഖയിൽ വന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം നടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *