ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; കുടകില്‍ തിരച്ചില്‍ ഊര്‍ജിതം

കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതി ജി.എസ്. ശരണ്യയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിലെ ഒരു ഐ.ടി. കമ്പനിയിലെ ജീവനക്കാരിയുമായ ശരണ്യയെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാണാതായത്.

വനംവകുപ്പും പൊലീസും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ട്രെക്കിംഗിനും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള താല്‍പര്യം മൂലം ശരണ്യ കൊച്ചിയില്‍നിന്ന് കുടകിലേക്ക് എത്തിയിരുന്നു. തടിയന്‍ഡമോള്‍ കൊടുമുടി കീഴടക്കുകയായിരുന്നു ലക്ഷ്യം. നാപ്പോക്ലുവിന് സമീപമുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം.

വ്യാഴാഴ്ച രാവിലെ ഹോംസ്റ്റേയിലുണ്ടായിരുന്ന മറ്റു ട്രെക്കര്‍മാരോടൊപ്പം വനംവകുപ്പിന്റെ അനുമതിയോടെ ശരണ്യ യാത്ര തിരിച്ചു. കാട്ടാന ശല്യം ഉള്ളതിനാല്‍ 10 പേര്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പം പോകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം മടങ്ങിയെത്തിയെങ്കിലും ശരണ്യ കൂട്ടത്തിലുണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് രണ്ടരയോടെ താന്‍ വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേയില്‍ ഫോണ്‍ ചെയ്ത് അറിയിച്ചതായി പറയുന്നു. തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ശരണ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ വനംവകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു.

ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനമേഖലയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചിലില്‍ പങ്കാളികളാണ്. കനത്ത കാടും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍നിന്ന് വിരമിച്ച ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. മുമ്പും ഒറ്റയ്ക്കു ട്രെക്കിംഗിന് പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് പിതാവ് പറഞ്ഞു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ശ്യാമടക്കമുള്ള ബന്ധുക്കളും തിരച്ചിലിന് സഹായമായി കുടകിലെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ബന്ധപ്പെട്ട് നാദാപുരം എംഎല്‍എ ഇ.കെ. വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. ശരണ്യ അപകടത്തില്‍പെട്ടതാണോ, വഴിമാറി പോയതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *