Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. ആര്‍സിബിക്കെതിരെ ഒമ്പത് റണ്‍സെടുത്ത് സഞ്ജു പുറത്തായി. അഞ്ച് പന്ത് നേരിട്ട സഞ്ജു ജേക്കബ് ഡഫിയുടെ പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു ഔട്ടായത്. ഔട്ടാകുന്നതിന് തൊട്ടുമുമ്പ് നേരിട്ട പന്തില്‍ സഞ്ജു ഡഫിയെ സിക്‌സിന് പറത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഔട്ടായി.

ചെന്നൈയ്ക്കായി ഇതുവരെ മൂന്ന് മത്സരങ്ങളില്‍ കളിച്ച സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ആറു റണ്‍സിനും, പഞ്ചാബ് കിങ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ഏഴു റണ്‍സിനും സഞ്ജു പുറത്തായി.

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന സഞ്ജു, ആ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ എന്നാല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന സഞ്ജുവിനെയാണ് ഐപിഎല്ലില്‍ കാണാനാകുന്നത്.

മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലെ താരത്തിന്റെ സ്ഥാനം പോലും തുലാസിലാകുമോയെന്നാണ് ആശങ്ക. 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും ടീം മാനേജ്‌മെന്റ് വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത കളി മുതലെങ്കിലും സഞ്ജുവിന് മികവ് പുറത്തെടുക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കാം.

Leave a Reply

Your email address will not be published. Required fields are marked *