തിരുവനന്തപുരം: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലിൽ കേരളത്തിന് സുപ്രിംകോടതിയുടെ അഭിനന്ദനം. കേരളം നടപ്പാക്കിയ നിരീക്ഷണ സംവിധാനം കുറ്റമറ്റതാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് ഈ ‘കേരള മോഡൽ’ മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് കേരളത്തിന്റെ പ്രവർത്തനമെന്ന് കോടതി വിലയിരുത്തിയത്.
കസ്റ്റഡി മർദനങ്ങളും കസ്റ്റഡി മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വർഷങ്ങൾക്ക് മുമ്പ് സുപ്രിംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഇതിന്റെ പുരോഗതി വിലയിരുത്താൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചപ്പോഴാണ് കേരളം ഇതിൽ വലിയ മുന്നേറ്റം നടത്തിയതായി വ്യക്തമായത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞുവെന്ന റിപ്പോർട്ട് കോടതി പ്രത്യേകം പരാമർശിച്ചു.
അതേസമയം, രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഈ കാര്യത്തിൽ വലിയ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളം ഈ നേട്ടം കൈവരിച്ചപ്പോൾ ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കുന്നതിൽ ഇനിയും മുന്നോട്ട് പോകാനുണ്ട്. സി.സി.ടി.വി സ്ഥാപിക്കുന്നതിലൂടെ പൊലീസ് നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനാതക്കുമെന്നും ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കുറക്കാൻ സഹായിക്കുമെന്നും കോടതി ഓർമിപ്പിച്ചു. സംസ്ഥാനങ്ങൾക്ക് പുറമെ എൻ.ഐ.എ, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ഓഫിസുകളിലും സമാനമായ രീതിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ ഏജൻസികളുടെ കാര്യത്തിൽ നിലവിൽ പുരോഗതി കുറവാണെന്ന് കണ്ടെത്തിയ കോടതി, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരിട്ട് ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം പോരെന്നും അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് സുപ്രീംകോടതി മുമ്പ് വിമർശനം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറ സംബന്ധിച്ച പ്രശ്നത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് പരാമർശം.
ഒരു വർഷത്തിനിടെ രാജസ്ഥാനിൽ 11 പേർ കസ്റ്റഡി മരണത്തിനിരയായെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഒക്ടോബർ14ന് രാജസ്ഥാനോട് പൊലീസ് സ്റ്റേഷനിൽ സി.സി.ടി.വി സ്ഥാപിക്കാത്തതിനെക്കുറിച്ച് കോടതി ചോദ്യം ഉയർത്തിയിരുന്നു.
മാർച്ച് 31ഓടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 16 സി.സി.ടി.വി വെക്കുന്നതിനായി 75 കോടി അനുവദിച്ചുവെന്ന് രാജസ്ഥാൻ സർക്കാർ കോടതിക്ക് മറുപടി നൽകി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വികളുടെ കണക്ഷൻ, മെയിനൻസ്, ഡാറ്റ സ്റ്റോറേജ് തുടങ്ങിയവയെക്കുറിച്ച് ആശങ്ക അറിയിച്ചു. 2020ൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതൽ സംസ്ഥാനങ്ങളും ഇത് പാലിച്ചില്ല.

