വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് ഇന്ന് നിശബ്‌ദ പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രചാരണങ്ങളിൽ വിട്ടുപോയവരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പ്രശ്‌നസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്‌തിട്ടുണ്ട്.
സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 2500 പ്രശ്‌നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവിടങ്ങളിലടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28, 209 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്.
ലോക്കൽ യൂണിറ്റിന് പുറമെ സ്‌പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് ഡിപ്പാർട്‌മെന്റുകളിലെ സേനാംഗങ്ങൾ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 140 കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തും. വോട്ടർമാർക്ക് സമാധാനപരവും സ്വതന്ത്രവുമായ രീതിയിൽ വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ എല്ലാ സജീകരണങ്ങളും കേരളപൊലീസ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.
