ഹിസ്ബുല്ല തലവൻ നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറിൽ ഹസൻ നസറള്ള കൊല്ലപ്പെട്ടതിനു ശേഷമാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റത്. നയിം ഖാസിമിനെത്തന്നെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കും, സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുക്കുന്നു’
താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘യഥാർഥ കരാർ പൂർണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും’’ – ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘‘എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവിൽ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബുധനാഴ്ചയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന നിബന്ധനയിലാണ് കരാർ ഉണ്ടായത്. ആക്രമണങ്ങൾ നിർത്തിയാൽ തങ്ങളും പ്രത്യാക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഈ വെടിനിർത്തലിനോട് യോജിച്ചതായാണ് റിപ്പോർട്ടുകൾ.
കരാറിനെത്തുടർന്ന് ആഗോള ഓഹരി വിപണികൾ ഉണരുകയും എണ്ണവില ബാരലിനു 100 ഡോളറിനു താഴെ എത്തുകയും ചെയ്തിരുന്നു. എന്നാൽ, കരാറിലെ മൂന്ന് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ബുധനാഴ്ച രാത്രി ആരോപിച്ചു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കപ്പെട്ടതും, ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും, ഇറാന്റെ ആകാശപരിധിയിൽ ഡ്രോൺ പ്രവേശിച്ചതുമാണ് ലംഘനങ്ങളായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ഇറാൻ വീണ്ടും തടഞ്ഞു.
അതേ സമയം, ശനിയാഴ്ച പാക്കിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും സംഘത്തിലുണ്ടാകും. ലബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇസ്രയേൽ ലബനനിൽ നടത്തുന്ന സൈനിക നീക്കം ഇറാനുമായുള്ള കരാറിനെ ബാധിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയേയും ഉടൻ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

