സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ മറുപടിയുമായി ഗണേഷ്‍കുമാര്‍

കൊല്ലം: വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രതിപക്ഷ നേതാവിന്‍റെ വാഗ്ദാത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ. കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാനാവില്ലെന്നും സതീശന്‍റെ വാഗ്ദാനം നടപ്പാക്കാനാവില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും കേന്ദ്രനിയമം മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. കോടതി ഉത്തരവും മറികടക്കാൻ സാധിക്കില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നത്.

പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചുകൊല്ലം പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്നും ഗണേഷ് പരിഹസിച്ചു. സതീശൻ തള്ളിന്‍റെ ആശാനാണ്. രാഹുൽ ഗാന്ധിയുടെ അ‌ഞ്ച് ഗ്യാരണ്ടിയും നടക്കാത്ത കാര്യങ്ങളാണ്. യു.ഡി.എഫിന്റെ ഗ്യാരണ്ടികളും കേരളത്തെ നശിപ്പിക്കുന്നതാണെന്നും ഗണേഷ് ആരോപിച്ചു.

മികച്ച ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. കേരളത്തിൽ വളരെ നല്ല രീതിയിൽ പോളിങ് നടന്നു. വൻ വര്‍ധനവെന്ന് പറയാൻ പറ്റില്ല. ആറ് ശതമാനമെങ്കിലും കൂടിയാലെ അസാധാരണമെന്ന് പറയാനാകു. കഴിഞ്ഞ തവണയും യു.‍ഡി.എഫ് വൻ വിജയം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞിരുന്നുവെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് നെഗറ്റീവില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

സർക്കാരിനെതിരെയുള്ള വികാരമൊന്നും പ്രചാരണ രംഗത്തില്ല. വികാരം ആഞ്ഞടിക്കാൻ പ്രഭവ കേന്ദ്രം വേണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിന്‍റെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫ് വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ലെന്നും വയനാട് പുനരധിവാസം അതിന് ഉദാഹരണമാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *