തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. നിലവിലെ സാഹചര്യം പരിഗണിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചൂട് അസഹനീയമായി തുടരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്).
പകൽ 10 മണി മുതൽ 3 മണി വരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. അല്ലാത്തപക്ഷം സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
- പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
- ശരീരം മുഴുവൻ മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.
- നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
- പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

