കോഴിക്കോട്: മൂഴിക്കലിൽ പെൺകുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് പൊലീസ്. പ്രതി അദ്നാൻ ആത്മഹത്യ ചെയ്തശേഷം ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ കൊല്ലപ്പെട്ട നസ്രീന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യും.
പത്താം ക്ലാസ് വിദ്യാർഥിനി നസ്രീനയെ കോളപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ നിർണായകമായേക്കാവുന്ന മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകൾ ഉൾപ്പെടെ മൂന്ന് ഫോണുകളാണ് വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് ലഭിച്ചത്. ഈ ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അദ്നാന്റെ ഒരു ഫോൺ ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അദ്നാൻ തന്നെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ഫോൺ കൂടി നശിപ്പിക്കേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തെളിവ് നശിപ്പിക്കാൻ കുടുംബത്തിലെ ചിലർ ശ്രമിച്ചു എന്ന് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ടെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു 16 കാരിയായ നസ്രീനയെ കൊന്ന് 20കാരനായ അദ്നാൻ ആത്മഹത്യ ചെയ്തത്. അദ്നാന്റെ സ്വഭാവ ദൂഷ്യം കുടുംബത്തെ അറിയിച്ചതിലുള്ള വൈരാഗ്യവും മോഷണ ശ്രമം ചെറുത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

