Guruvayur Temple: വൈശാഖ പുണ്യമാസമായി; ഇനി ഗുരുവായൂരിൽ ഭക്തജനത്തിരക്കേറും

തൃശൂർ: ദാനധർമ്മങ്ങൾക്കും ഭഗവദ് ഭജനത്തിനും അതീവ ശ്രേഷ്ഠമായ വൈശാഖ മാസം ഏപ്രിൽ 18-ന് ആരംഭിച്ച് മെയ് 16-ന് സമാപിക്കും. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ഈ പുണ്യകാലത്ത് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. വൈശാഖാരംഭ ദിനമായ ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി വരെ ഗുരുവായൂർ ദേവസ്വം വക അഷ്ടപദി സംഗീതോത്സവം നടക്കും.

ഏപ്രിൽ 19-നാണ് വൈശാഖത്തിലെ പ്രധാന ദിനമായ അക്ഷയ തൃതീയയും ബലരാമ ജയന്തിയും. ഈ ദിവസം ക്ഷേത്രത്തിൽ നെയ്‌വിളക്ക്, നിറമാല, രണ്ടുനേരം കാഴ്ചശീവേലി എന്നിവയുണ്ടാകും. ഏപ്രിൽ 21-ന് ശ്രീശങ്കര ജയന്തിയും ഏപ്രിൽ 30-ന് നരസിംഹ ജയന്തിയും ആഘോഷിക്കും. ഏപ്രിൽ 18 മുതൽ മെയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രമുഖരുടെ ഭക്തിപ്രഭാഷണങ്ങൾ നടക്കും.

ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ

വൈശാഖ മാസത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വലിയ തോതിൽ ഭക്തർ ഗുരുവായൂരിലെത്താറുണ്ട്. നാല് ഭാഗവത സപ്താഹങ്ങളും ഈ മാസത്തിൽ നടക്കും. കൂടാതെ, മേൽപുത്തൂർ ഓഡിറ്റോറിയത്തിലും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും നിരവധി നൃത്ത അരങ്ങേറ്റങ്ങൾക്കും ഈ പുണ്യമാസം സാക്ഷ്യം വഹിക്കും. തീർത്ഥാടനത്തിന് എത്തുന്നവർക്കായി പ്രത്യേക ദർശന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *