നിതിൻ രാജിനെ ഭീഷണിപ്പെടുത്തി, 98 പ്രാവശ്യം ഫോണിൽ വിളിച്ചു; ‘ഇൻസ്റ്റാ പേ’ ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാ‌ർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. ഭീഷണിയിലൂടെ നിതിൻ രാജിനെ മാനസികമായി തളർത്തി പണം തിരിച്ചടയ്‌ക്കാൻ പ്രേരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലോൺ ആപ്പിൽ നിന്നും നിതിൻ രാജിന് ഭീഷണിനേരിട്ടതായി കോളേജിലെ അദ്ധ്യാപിക സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിന്നീട് ചക്കരയ്‌ക്കൽ പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ജനുവരി 16നാണ് ലോൺ ആപ്പിൽ നിന്നും 15000 രൂപ നിതിൻ രാജ് കടമെടുത്തത്. 36 ശതമാനം പലിശയ്‌ക്കാണ് പണമെടുത്തത്. മരണപ്പെടുന്നതിന്റെ തലേദിവസം 98 തവണയാണ് ലോൺ ആപ്പിൽ നിന്നും നിതിൻ രാജിനെ വിളിച്ചത്. നിതിൻ രാജിന്റെ കോൺടാക്‌ട് ലിസ്റ്റിലുള്ളവരുടെ നമ്പരിലേക്ക് പോലും ലോൺ ആപ്പിൽ നിന്നും ഫോൺകോൾ വന്നിരുന്നു. ഇതേ തുടർന്നുള്ള മാനസിക സമ്മർദമാണ് നിതിൻ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോളേജിലെ അദ്ധ്യാപകർ പറയുന്നത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതരായ അദ്ധ്യാപകർ ഏഴാം ദിവസവും ഒളിവിലാണ്. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെതുടർന്ന് കോളേജ് അധികൃതർ രക്ഷിതാക്കളുമായി ചർച്ച നടത്തുകയും ഡോ റാമിനെ പുറത്താക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ അദ്ധ്യാപകരെയും പുറത്താക്കണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം. പ്രതിഷേധസമരങ്ങൾ തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *