കൽപറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ. ഫേസ് ഒന്നിൽ പെട്ട വീടിന്റെ മേൽക്കൂരക്കാണ് വിള്ളൽ കണ്ടെത്തിയത്. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളലുണ്ടായി മഴ വെള്ളം ചോർന്നിറങ്ങിയതായി ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. ഫേസ് ഒന്നിലെ എ -8 എന്ന വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്.
‘ഇങ്ങനെ വിള്ളൽ കാണുമ്പോൾ നല്ല വിഷമമുണ്ട്. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ശരിയാക്കി തരാം എന്ന് പറഞ്ഞു. രണ്ടാഴ്ച ആയി ഇത് ശ്രദ്ധയിൽപെട്ടിട്ട്. മഴ പെയ്തപ്പോൾ സ്ലാബിൽ വെള്ളം കെട്ടി നിർത്തിയിയിരുന്നു. അതിൽനിന്ന് വീടിന്റെ ഉള്ളിലേക്ക് ലീക്ക് ഉണ്ടായി. വെള്ളത്തിന്റെ കിനിവോ പ്ലാസ്റ്റർ പൊട്ടിയതോ ഒന്നുമല്ല, സ്ലാബ് തന്നെ പൊട്ടിയതാണ്. അല്ലെങ്കിൽ പ്ലാസ്റ്ററിലൂടെ വെള്ളത്തിന്റെ കിനിവ് വരില്ല. സ്ലാബ് പൊട്ടിയതുകൊണ്ട് കിനിവ് നേരിട്ട് ഇറങ്ങിയത്. ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ, നമ്മൾ താമസം തുടങ്ങിയാൽ എന്താകും അവസ്ഥ? ഒന്നും പറയാൻ പറ്റില്ല. പുത്തമലക്കാരൊക്കെ ഒരുപാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അത് കാണ്ടിട്ട് നമുക്കിപ്പോൾ ഇവിടെ വരുമ്പോൾ മാനസികമായിട്ട് ഭയങ്കര വിഷമമുണ്ട്’ -നൗഫൽ പറഞ്ഞു.
‘ഇവരുടെ പണിക്കാരുടെ അടുത്ത് ഞാൻ കംപ്ലൈന്റ് പറഞ്ഞിരുന്നു. എൻജിനീയറോട് ഞാൻ പറഞ്ഞപ്പോൾ അവർ തിൽ പൂട്ടിയിട്ട് പോയി. ബാക്കിയുള്ള വീടുകളൊക്കെ തുറന്നിട്ടിട്ട് ഈ വീട് മാത്രം പൂട്ടിയിട്ടിട്ട് പോയി. ഇപ്പോഴാണ് ഒന്ന് തുറന്നു തന്നത്. 100 ശതമാനവും ആശങ്ക ഉണ്ട്. ഇതുപോലെ ഒരുപാട് വീട്ടിൽ ഉണ്ടാവും ഓരോ പ്രശ്നങ്ങൾ. അവരൊക്കെ വന്നു നോക്കിയാൽ അവർക്ക് കാര്യങ്ങൾ മനസ്സിലാകും. ഇവിടെ ഡോറിന്റെ സൈഡും പൊട്ടിയിട്ടുണ്ട്. ഡോർ മാറ്റിത്തരാമെന്ന് അവർ പറഞ്ഞു’ -അദ്ദേഹം പറഞ്ഞു.
അതേസമയം, വീടിന്റെ മേൽക്കൂരയിൽ ഉണ്ടായതിനെ വിള്ളൽ എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഊരാളുങ്കൽ ടൗൺഷിപ്പ് സിഇഒ അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ‘അതിൽ ആശങ്ക വേണ്ടതില്ല. ഷ്രിങ്കേജ് ക്രാക്ക് എന്ന് പറയുന്നതാണ് സംഭവം. അത് താപനില കൂടിയത് കൊണ്ട് പറ്റുന്ന ഒരു കാര്യമാണ്. അഡീഷണൽ വാട്ടർപ്രൂഫും സ്ക്രീഡ് കോൺക്രീറ്റും ചെയ്യാനുണ്ട്. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് വീടുകൾ കൈമാറും’ -അദ്ദേഹം പറഞ്ഞു.
‘കിഫ്കോണിന്റെ ടീം ഉണ്ട്, നമ്മുടെ ക്വാളിറ്റി കൺട്രോൾ ടീം ഉണ്ട്. ഇവർ വന്ന് മൈക്രോസ്കോപ്പ് വെച്ചിട്ടാണ് ഓരോ കാര്യങ്ങളും നോക്കുന്നത്. അപ്പോൾ അതിനകത്ത് 80 സ്നാഗോളം ഒക്കെ വരും. ഈ കാര്യങ്ങളെല്ലാം അറ്റൻഡ് ചെയ്തിട്ടേ നമുക്ക് കൊടുക്കാൻ പറ്റൂ. ജലസംഭരണികളും മാലിന്യസംവിധനവും പൂർത്തിയായാൽ മാത്രമേ താമസിക്കാൻ കഴിയൂ’ -അദ്ദേഹം പറഞ്ഞു.

