അയ്യപ്പ സംഗമത്തിന് ചിലവെത്ര? ഹൈക്കോടതി ഇടപെട്ടിട്ടും പൊരുത്തക്കേട് തുടരുന്നു

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചിലവ് എത്ര? ചെലവായ 7.11 കോടിരൂപ വേണമെന്ന നിലപാടില്‍ ഉറച്ച് ആഗോള അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പുകരാര്‍ നല്‍കിയ കമ്പനി. അതേസമയം മുന്‍ധാരണ പ്രകാരം അഞ്ചുകോടി രൂപയില്‍ താഴെ മാത്രമെ നല്‍കാനാകൂ എന്ന നിലപാടില്‍ തന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി ഇടപെട്ടിട്ടും ഇക്കാര്യത്തില്‍ കൃത്യതയില്ല.

പമ്പയില്‍ ആഗോള അയ്യപ്പ സംഗമം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 നായിരുന്നു. ഏഴുമാസമായിട്ടും സംഗമത്തിന്‍റെ യഥാര്‍ഥ ചിലവെത്ര? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനി എത്രരൂപ കരാറുകാര്‍ക്ക് നല്‍കണം? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല. അയ്യപ്പസംഗമത്തിന് ചിലവായ 7.11 കോടിരൂപ വേണമെന്ന നിലപാടില്‍ തന്നെയാണ് കരാര്‍ ഏറ്റെടുത്ത, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍.

അതേസമയം  4.99 കോടിരൂപയെ നല്‍കാനാകൂ എന്ന മൂന്‍നിലപാടില്‍ത്തന്നെയാണ് ദേവസ്വം ബോര്‍ഡ്.ഹൈക്കോടതി ഇടപെട്ടിട്ടും  തുകയിലെ പൊരുത്തക്കേട് തുടരുന്നു. മൂന്ന് കോടി രൂപ മുന്‍കൂറായി ദേവസ്വം ബോര്‍ഡ് IIIC ക്ക് കൈമാറിയിരുന്നു.  ചട്ടവിരുദ്ധമായി ടെന്‍ഡറില്ലാതെയാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല IIICക്ക് നല്‍കിയതെന്നാണ് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്‍റെ അസാധാരണ കാരണം വ്യക്തമാക്കാന്‍ ബോര്‍ഡിന് സാധിച്ചിട്ടില്ല. മാര്‍ച്ച് അഞ്ചിന് പുറത്തിറക്കിയ ഹൈക്കോടതിഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ജി.എസ്.ടി ഒഴിവാക്കി മറ്റ് കമ്പനികൾക്ക് ഉപകാരാറുകള്‍ നല്‍കിയെന്നും അടിസ്ഥാന ബില്ലുകളോ രേഖകളോ ബോർഡ് ഹാജരാക്കിയില്ലെന്നും ആസ്തി റജിസ്റ്റർ ഹാജരാക്കിയില്ലെന്നും വിജയൻ അസോസിയേറ്റ്സ് ദേവസ്വം ബെഞ്ചിനെ അറിയിച്ചു.

അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് വീഴ്ചയില്‍ ഈമാസം എട്ടിന് പുറത്തിറക്കിയ ഉത്തരവില്‍ ദേവസ്വം ബോര്‍ഡിനെ വീണ്ടും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ല.നിയമം പാലിക്കാന്‍  ബോര്‍ഡിന് കഴിയുന്നില്ലെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *