ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയിൽ മനംനൊന്ത് നാടുവിട്ട കോഴിക്കോട് സ്വദേശി വിഷ്ണുവിനെ എട്ട് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു, കൂടെയുണ്ടായിരുന്ന സഹയാത്രക്കാരന്റെ ഫോണിൽ നിന്നും സഹോദരൻ അദ്വൈദിനെ വിളിച്ചതാണ് കണ്ടെത്തലിലേക്ക് നയിച്ചത്. താൻ സുരക്ഷിതനാണെന്നും എന്നാൽ നേരിടുന്ന പ്രതിസന്ധികൾ കാരണം നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നും വിഷ്ണു സഹോദരനെ അറിയിച്ചു. എന്നാൽ, മകനെ കാണാതായതോടെ തളർന്നുപോയ അമ്മയുടെയും കുടുംബത്തിന്റെയും അവസ്ഥ സഹോദരൻ വിവരിച്ചതോടെ വിഷ്ണു പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു.
വിഷ്ണു വിളിച്ച വിവരം കുടുംബം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. സിആർപിഎഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ അമ്മാവൻ പയ്യന്നൂരിലെത്തി ഇയാളെ നേരിട്ട് കണ്ടു സംസാരിച്ചു.

