സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

ഫറോക്ക് ബസ് സ്റ്റാൻഡിൽ നടുറോഡിൽ ഗുണ്ടാ വിളയാട്ടം. സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് ജീവനക്കാരെ കാർ യാത്രക്കാർ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം.

മെഡിക്കൽ കോളേജ് – ഫാറൂഖ് കോളേജ് റൂട്ടിലോടുന്ന ‘ന്യൂ സ്റ്റാർ’ ബസിലെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ഡ്രൈവർ അടിവാരം സ്വദേശി ഷാറുൽ അർഷദ് (22), കണ്ടക്ടർ കടലുണ്ടി സ്വദേശി ഷീസ്ബിൻ (20) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഫറോക്കിലേക്ക് വരുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാർ സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് പുതിയപാലം കഴിഞ്ഞതോടെ ബസ് കാറിനെ മറികടന്നു.

ബസ് ഫറോക്ക് സ്റ്റാൻഡിലെത്തി ആളെ ഇറക്കുന്നതിനിടെയാണ് പിന്നാലെയെത്തിയ കാർ യാത്രക്കാർ പ്രകോപിതരായി ബസ്സിലേക്ക് ആക്രമിച്ചു കയറിയത്.പരിക്കേറ്റ ബസ് ജീവനക്കാർ ഫറോക്ക് പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കാർ നമ്പറും കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *