​”കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടി”; തൃണമൂൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ

തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ നേതൃത്വത്തിന് താൻ നൽകിയ കത്ത് പുറത്തായ സംഭവത്തിൽ കടുത്ത വിയോജിപ്പുമായി പി.വി. അൻവർ എം.എൽ.എ. കത്ത് അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടും അത് പരസ്യപ്പെടുത്തിയത് തരംതാഴ്ന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഒരു സൂചന നൽകുക മാത്രമാണ് കത്തിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ തൃണമൂലുമായി സഹകരിക്കാൻ താല്പര്യമുള്ള ചില നേതാക്കളുടെ പേര് വിവരങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഒരു പ്രാഥമിക സൂചന എന്ന നിലയിൽ മാത്രമാണെന്ന് അൻവർ വിശദീകരിച്ചു. ഈ നേതാക്കളുമായി രാഷ്ട്രീയ ചർച്ചകൾ നടത്താൻ ടി.എം.സി നേതൃത്വം തയ്യാറായില്ല. “ഇവരെയൊന്നും വിമാനം പിടിച്ച് ബംഗാളിൽ എത്തിക്കാൻ എനിക്ക് കഴിയില്ലല്ലോ” എന്നായിരുന്നു അൻവറിന്റെ പരിഹാസം. താൻ നൽകിയ പട്ടികയിലുണ്ടായിരുന്ന നേതാക്കൾ ഇപ്പോൾ എവിടെയാണെന്ന് പരിശോധിച്ചാൽ തന്റെ രാഷ്ട്രീയ നിരീക്ഷണത്തിന്റെ പ്രസക്തി വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സി.പി.ഐ.എമ്മിലെ പ്രമുഖ നേതാക്കളായ ജി. സുധാകരൻ, എസ്. രാജേന്ദ്രൻ, പി.കെ. ശശി എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചായിരുന്നു അൻവറിന്റെ മറുപടി. ഇവരിൽ പലരും നിലവിൽ പാർട്ടിയിൽ നിന്ന് അകന്ന നിലയിലാണെന്നും, തന്റെ കത്തിലെ രാഷ്ട്രീയം മനസ്സിലാകുന്നവർക്ക് കാര്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടെങ്കിലും കേരളത്തിൽ ടി.എം.സിക്ക് സ്വതന്ത്രമായി നീങ്ങാൻ കഴിയാത്തതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *