പാമ്പ് കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ വീണ്ടും പാമ്പുകൾ; അടങ്ങാത്ത ഭീതിയിൽ കുടുംബം; വീടിന്റെ തറ പൊളിക്കുന്നു

തൃശൂർ: കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. തുടർച്ചയായ നാലാം ദിവസമാണ് പാമ്പുകളെ പിടികൂടുന്നത്.

കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ഇന്നു വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ടിലെത്തി വീട്ടിലെ നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും, ടൈലുകൾ, അടുക്കളയിലെ ഗ്രാനൈറ്റ്, മലിനജലം ഒഴുക്കുന്ന പൈപ്പുകൾ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വീട്ടിലെ തുണികൾ, വീടിന് ചുറ്റുമുള്ള തറയുടെ സമീപത്തെ ചെറിയ ദ്വാരങ്ങൾ എന്നിവയൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ചികിത്സയിലുള്ള അൽജോയുടെ സഹോദരൻ അനോഷിന്റെ (10) നില കൂടുതൽ മെച്ചപ്പെട്ടതായും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *