ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു, മൂന്നാം പ്രതി പിടിയിൽ

കോവളം കുഴിവിള കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി വെങ്ങാനൂർ സ്വദേശി സച്ചിനെ (30) കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണ സ്ക്വാഡ് രൂപീകരിച്ചു. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിലെ കലാപരിപാടികൾ കാണാനെത്തിയവർ തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. വെങ്ങാനൂർ സ്വദേശികളായ നവീൻരാജ് (32), വിഷ്ണുദേവ് (30) എന്നിവർക്കാണ് വെട്ടേറ്റത്.

നവീൻരാജിന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിയുകയും എല്ലിന് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിഷ്ണുദേവിന് വയറിലാണ് പരിക്കേറ്റത്. വെട്ടേറ്റവരുടെ സുഹൃത്തായ അരുൺ ചന്ദ്രനും കേസിലെ രണ്ടാം പ്രതി പ്രണവും തമ്മിലുണ്ടായ തർക്കം മർദ്ദനത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ കൈവശമിരുന്ന ആയുധം ഉപയോഗിച്ച് നവീനെയും വിഷ്ണുവിനെയും ആക്രമിച്ചത്. കോവളത്ത് ഹോട്ടൽ നടത്തുന്ന ഉണ്ണി, പ്രണവ്, വിപിൻ രാജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഇപ്പോൾ പിടിയിലായ സച്ചിൻ നേരത്തെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും ഉടൻ തന്നെ ബാക്കിയുള്ളവരെ പിടികൂടുമെന്നും കോവളം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *