സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശംഖുവരയനാണ് കടിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് രണ്ടിടങ്ങളിൽനിന്നും രണ്ടുപേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ 20കാരിക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശിൽപക്കാണ് (20) കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുനിന്നാണ് കടിയേറ്റത്. രാത്രി 7.30നായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കോഴിക്കോട് ഉള്ള്യേരിയിലും യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷിനെയാണ് (42) വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്‍റെ കടിയേറ്റത്.

