തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ കെ.എസ്.ഇ.ബിയുടെ കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. പവർ എക്‌സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് വേണ്ട ക്രമീകരണങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്യും. യൂണിറ്റിന് പരമാവധി 10 രൂപക്ക് വൈദ്യുതി വാങ്ങാനാണ് അനുമതിയായത്.
ഒരു വശത്ത് പവർകട്ടിലുള്ള ജനത്തിൻ്റെ പ്രതിഷേധവും മറുവശത്ത് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിയുടെ നെട്ടോട്ടവുമാണ് നടക്കുന്നത്. സ്വാപ് കരാർ വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിൻ്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി വൈകിയതും തിരിച്ചടിയായി. ഡേ എഹഡ് കണ്ടിജൻസി മാർക്കറ്റിലൂടെ ഹ്രസ്വകാല കരാർ ഉണ്ടാക്കാനാണ് ഇപ്പോൾ അനുമതി കൊടുത്തത്.
ഏതൊക്കെ മണിക്കൂറിലേക്ക് വൈദ്യുതി വാങ്ങണം തുടങ്ങിയ കാര്യങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്യും. എപ്പോൾ മുതൽ ഈ വൈദ്യുതി ലഭ്യമാകും എന്നതിൽ വ്യക്തതയില്ല. മെയ് 15 വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഡിമാൻഡ് കൂടുന്നതനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ പിടിച്ച് നിൽക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. വേനൽ മഴ ലഭ്യമാകുന്നതോടെ വൈദ്യുതി ഉപയോഗം താനേ കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്. അതേസമയം കെ.എസ്.ഇ.ബി പുറത്തുനിന്ന് ഉയർന്ന വിലക്ക് വാങ്ങിക്കുന്ന വൈദ്യുതിയുടെ ആഘാതം ജൂൺ ജൂലൈ മാസങ്ങളിലാകും ജനം അനുഭവിക്കുക. കറണ്ട് ബില്ലിനോടൊപ്പം സർചാർജായി ഈ അധിക തുക അടക്കേണ്ടി വരും.സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞത് ജലവൈദ്യുത പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ: വൈദ്യുതി ബില്ലിലെ വർദ്ധനവ് കുറയ്ക്കാൻ അനാവശ്യമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ എസി, വാട്ടർ ഹീറ്റർ തുടങ്ങിയ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിയന്ത്രിക്കുന്നത് വഴി വലിയ തോതിലുള്ള ബിൽ തുക ഒഴിവാക്കാൻ സാധിക്കും.

