കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ പിഞ്ചുകുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ പാമ്പുകളെ കണ്ടെത്തിയത് വലിയ നടുക്കമുണ്ടാക്കുന്നു. കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലും തലയിണയ്ക്കടിയിലും സമീപത്തെ ടോയ്‌ലറ്റിലുമടക്കം ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പുകളെയാണ് കണ്ടെത്തിയത്.
രണ്ടു ചെറിയ കുട്ടികളാണ് മുറിയിൽ കിടന്നുറങ്ങിയിരുന്നത്. കിടക്കയിൽ തലയിണ വയ്‌ക്കുന്ന ഭാഗത്ത് പാമ്പിനെ വീട്ടുകാർ കണ്ടു. ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയിൽ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിൽ കയറിയപ്പോൾ അവിടെനിന്നും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെ കിട്ടി.ഇതോടെ അയൽക്കാരുടെ സഹായത്തോടെ വീട് മുഴുവൻ വിശദമായി പരിശോധിച്ചു.ഇതിനിടെ അടുത്തുള്ള മറ്റൊരു മുറിയിൽ നിന്നുമടക്കം പാമ്പിനെ കിട്ടി. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്.
ഭംഗിയായി ടൈൽസ് പാകിയതും ചുമരുകൾ തേച്ചതുമായ വീട്ടിൽ ഇത്രയധികം വിഷപ്പാമ്പുകൾ എങ്ങനെ എത്തിയെന്ന അമ്പരപ്പിലാണ് വീട്ടുകാരും നാട്ടുകാരും.കണ്ടെത്തിയവയെല്ലാം അതീവ വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകളായിരുന്നു. സാധാരണയായി രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന ഇത്തരം പാമ്പുകൾ മനുഷ്യന്റെ ശരീരത്തോടുള്ള ചൂട് കാരണം കിടക്കകളിലേക്ക് കയറാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
പകൽ സമയത്തും ജാഗ്രത വേണം:
മഴക്കാലത്തിന് മുന്നോടിയായുള്ള കാലാവസ്ഥാ വ്യതിയാനം കാരണം പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് വർധിച്ചിരിക്കുകയാണ്.വീടിന്റെ പരിസരങ്ങളിൽ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സാധിക്കുന്ന മാളങ്ങളോ കാടോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജനലുകളും വാതിലുകളും കൃത്യമായി അടച്ചു സൂക്ഷിക്കണമെന്നും രാത്രിയിൽ തറയിൽ കിടന്നുറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

