മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക നീക്കം; മുൻ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്

കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത മരം മുറിയുമായി muttil-tree-felling-case ബന്ധപ്പെട്ട് മുന്‍ കലക്ടറും ഡി.എഫ്.ഒയും ഉള്‍പ്പെടെ ആറുപേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ല കലക്ടറായിരുന്ന ഡോ. അദീല അബ്ദുള്ള, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന രഞ്ജിത്ത്കുമാര്‍, മുന്‍ ഡി.എഫ്.ഒ അജിത് കെ. രാമന്‍, വൈത്തിരി മുന്‍ തഹസില്‍ദാര്‍ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് മുന്‍ ഓഫിസര്‍ കെ. ഷമീര്‍, നിലവിലെ റേഞ്ച് ഓഫിസര്‍ ബിജു എന്നിവര്‍ക്കാണ് മീനങ്ങാടി നാടുകാണിക്കുന്ന് മുല്ലക്കല്‍ ലെന്നി സ്റ്റാന്‍സ് ജേക്കബ് അഡ്വ. പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചത്.

റവന്യൂ പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി ഈട്ടി തടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതിനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല, ജില്ലയില്‍നിന്നു അനധികൃതമായി കടത്തിയെന്നു കണ്ടെത്തി എറണാകുളം കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഇന്‍സ്ട്രീസില്‍നിന്നു പിടിച്ചെടുത്ത 54 കഷ്ണം ഈട്ടി ഇനിയും കണ്ടുകെട്ടിയില്ല, മുട്ടില്‍ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ടിമ്പര്‍ ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും വനം വകുപ്പ് മതിയായ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളിലാണ് നോട്ടീസ് അയച്ചത്. നോട്ടീസില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

2020 ഒക്ടോബര്‍ 24ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ മരംമുറി മൂലം സര്‍ക്കാറിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വനം വകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. കെ.എല്‍.സി നിയമ പ്രകാരം 68 കേസുകൾ രജിസ്റ്റര്‍ ചെയ്ത് നടപടിയാരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍നിന്നു ഇതുവരെ ചെറിയതുക പോലും റവന്യൂ വകുപ്പ് പിഴ ഈടാക്കിയിട്ടില്ല. പകുതിയോളം എണ്ണത്തില്‍ നടപടി പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. ബാക്കി കേസുകളില്‍ പിഴ നിര്‍ണയം വൈകുകയാണ്. അനധികൃത മരംമുറിക്ക് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ 2023 ഡിസംബര്‍ നാലിനു ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *