കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ടൗണിലെ ഗോസാങ്കി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ടത് 28 വയസ്സുകാരനായ കോദൻദം ശിവാജി എന്ന യുവാവാണ്. സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അത്താഴത്തിന് കോഴിക്കറി വേണമെന്ന് ശിവാജി ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി അത് തയ്യാറാക്കിയിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. തർക്കം കൈവിട്ടുപോകുമെന്ന് കണ്ടതോടെ അയൽവാസികളും ബന്ധുക്കളുമായ ദാദയ്യയും ശാരദയും ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഇവർ മടങ്ങിയതോടെ ശിവാജി വീണ്ടും പ്രശ്നമുണ്ടാക്കുകയും പഴയ കുടുംബപ്രശ്നങ്ങൾ കൂടി വലിച്ചിഴച്ച് ലക്ഷ്മിയെ കുറ്റപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.

വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതയായ ലക്ഷ്മി വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ ശിവാജിയുടെ തല നിലത്തിടിച്ച് മാരകമായി മുറിവേറ്റു. കഠിനമായ രക്തസ്രാവത്തെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ യുവാവ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കൊല്ലപ്പെട്ട ശിവാജിയുടെ ജ്യേഷ്ഠൻ സുരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമറെഡ്ഡി പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *