തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കാലാവസ്ഥയിൽ വന്ന വ്യതിയാനമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും വൈദ്യുതി ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതും ഉപഭോഗം കൂട്ടുന്നതിന് ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാമെന്നും നിലവിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകളിൽ പാചകവാതകക്ഷാമം ഉണ്ടായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചതായും മന്ത്രി പറഞ്ഞു.
വൈദ്യുതി റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അക്കാര്യങ്ങൾ റെഗുലേറ്ററി കമ്മിഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നൽകി. വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുതി ബോർഡ് കരുതിയിരുന്നതെന്നും അതിനാൽ തന്നോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.

