കാസർകോട്: പൂച്ചക്കാര് മണികെട്ടുമെന്നൊക്കെ പഴഞ്ചൊല്ലാണ്… ഇപ്പോൾ ട്രെൻഡിങ് ന്യൂസ് പാമ്പുകളുടേതാണല്ലോ. കത്തുന്ന ചൂടിനിടയിൽ നിൽക്കക്കള്ളിയില്ലാതെ തണുപ്പോരംചേർന്ന് വീട്ടിലും ഓഫിസിലും പാമ്പുകൾ കയറിക്കൂടുന്നത് ഇക്കാലത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ, ഏവരേയും ഞെട്ടിച്ച് സ്വർണമോതിരമിട്ട ചേരപ്പാമ്പിനെയാണ് കാസർകോട് ദേലമ്പാടിയിൽ കാണാനിടയായത്.
ആരും ഇട്ടുകൊടുത്തതല്ല, മൂപ്പർ സ്വയമെടുത്തണിഞ്ഞതാണ്. കൗതുകംനിറക്കുന്ന കാഴ്ച സമ്മാനിച്ചത് ദേലമ്പാടി പഞ്ചായത്തിലെ അഡൂർ പതിക്കാലിലെ കൊപ്പളത്തെ രവിയുടെ വീട്ടിലാണ്.
മേശവലിപ്പിൽ സൂക്ഷിച്ച സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയനിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്വർണമോതിരമിട്ട ചേരയെ രവിയുടെ മക്കളാണ് വീട്ടിലെ മേശവലിപ്പിൽ കണ്ടത്. ഉടൻ ബംഗളൂരുവിലുള്ള പിതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രവി തന്റെ സുഹൃത്തും വനംവകുപ്പ് വാച്ചറുമായ കൃഷ്ണേഷിനോട് കാര്യംപറഞ്ഞു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ബന്തടുക്ക സെക്ഷനിലെ വനംവകുപ്പ് സർപ്പ വളന്റിയർമാരായ മഹേഷും അനിലുമെത്തി മേശവലിപ്പിൽനിന്ന് പാമ്പിനെ പുറത്തിറക്കി ചേരയുടെ തലഭാഗം പൈപ്പിനുള്ളിലാക്കി കട്ടിങ് പ്ലയറുകൊണ്ട് സ്വർണമോതിരം മുറിച്ചുമാറ്റി ചേരയെ അതിന്റെ പാട്ടിന് കാട്ടിൽ വിടുകയായിരുന്നു. മോതിരമെടുക്കാതെ പാമ്പിനെ വിടുന്നതെങ്ങനെ, സ്വർണത്തിനെന്ത് വിലയാ..!
ഇങ്ങനെയൊരു സാഹചര്യത്തിൽ എന്ത് ചെയ്യണം?
വിദഗ്ധരെ വിളിക്കുക: വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമിനെയോ (Beaten or Forest dept) അറിയിക്കുക. അവർ പാമ്പിനെ സുരക്ഷിതമായി പിടിച്ച് മോതിരം പുറത്തെടുക്കാൻ സഹായിക്കും.
ദൂരം പാലിക്കുക: ചേരപ്പാമ്പ് വിഷമില്ലാത്തതാണെങ്കിലും അക്രമകാരിയായേക്കാം.

