കേരളത്തിൽ തൂക്കുമന്ത്രിസഭ, എൽഡിഎഫും ഭരണത്തിലേറാം; ബിജെപി നിർണ്ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോൾ ഫലം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ പാർട്ടി മുന്നണികളെ ഞെട്ടിച്ചുകൊണ്ട് പുതിയ എക്‌സിറ്റ് പോൾ പ്രവചനം (Kerala Exit Poll Results 2026). ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർവേ ഫലം അനുസരിച്ച്, കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫും എൽഡിഎഫും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഏറ്റവും പുതിയ എക്സിറ്റ് പോൾ പ്രവചനം അനുസരിച്ച്, യുഡിഎഫിന് നേരിയ മുൻതൂക്കം പറയുന്നുണ്ടെങ്കിലും, എൽഡിഎഫ് ഭരണത്തിൽ വരാമെന്ന സാധ്യതയും തള്ളികളയുന്നില്ല. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നാണ് ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നത്. എന്നാൽ എൽഡിഎഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയുണ്ടെന്നും സർവേ ഫലം സൂചന നൽകുന്നു. ഇവയ്ക്ക് ഒപ്പം തന്നെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രവചനം പറയുന്നത്.

എൻഡിഎയ്ക്ക് 3 മുതൽ 11 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുമെന്നാണ് സർവേ ഫലം പുറത്തുവിടുന്ന വിവരം. ഈ പ്രവചനത്തിലൂടെ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. ചാണക്യയുടെ പ്രവചനം യാഥാർത്ഥ്യമായാൽ കേരളത്തിൽ ഇത്തവണ തൂക്ക് മന്ത്രിസഭ ഉണ്ടായേക്കും. ഇന്നലത്തെ മിക്ക ഏജൻസികളും പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിനൊപ്പം

ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് 44 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. 39 ശതമാനം വോട്ടുകള്‍ എൽഡിഎഫിനും 14 ശതമാനം എന്‍ഡിഎയ്ക്കും പ്രവചിച്ചു. 78-90 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമ്പോൾ എല്‍ഡിഎഫിന് ലഭിക്കുക 49-62 സീറ്റുകളാണ്. അതേസ്ഥാനത്ത് 0-3 സീറ്റുകൾ മാത്രമാണ് എന്‍ഡിഎയ്ക്ക് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്.

ടൈംസ് നൗ ജെവിസി: ഇവിടെയും യുഡിഎഫിന് മുൻതൂക്കം നൽകിയുള്ള പ്രവചനമാണ് നടന്നിരിക്കുന്നത്. 72 മുതല്‍ 84 സീറ്റുകള്‍ വരെ യുഡിഎഫിനും 52 മുതല്‍ 61 വരെ സീറ്റുകൾ എൽഡിഎഫിനും മൂന്ന് മുതല്‍ ഏഴു സീറ്റുകള്‍ വരെ ന്‍ഡിഎയ്ക്കും ലഭിക്കുമെന്നാണ് ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്.

മെട്രിക്‌സ്‌: സംസ്ഥാനത്ത് ഇടതും വലതും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മെട്രിക്‌സ് സർവേ ഫലം പ്രവചിക്കുന്നത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും 70-75 സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. 60-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കുമ്പോൾ, മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിക്കാൻ പോകുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വോട്ട് വൈബ്‌: മറ്റ് സർവേ ഫലം പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ട് വൈബും പ്രവചിക്കുന്നത്. യുഡിഎഫ് 70-80 സീറ്റുകളില്‍ ജയിക്കാം. എല്‍ഡിഎഫ് വിജയം 58-68 സീറ്റുകളിലാണെങ്കിൽ എന്‍ഡിഎയ്ക്ക് 0-4 വരെ സീറ്റുകൾ ലഭിക്കാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള വിശകലനമാണ് വോട്ട് വൈബ് പുറത്തുവിട്ടത്.

പീപ്പിള്‍ പള്‍സ്‌: യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമായിരുന്നു പീപ്പിള്‍ പള്‍സിൻ്റെയും പ്രവചനത്തിൽ നിന്ന് വ്യക്തമായത്. 75 മുതല്‍ 85 വരെ സീറ്റുകളില്‍ യുഡിഎഫ് കരുത്ത് കാട്ടുമ്പോൾ, 58-65 സീറ്റുകളിലാണ് ഇടതിന് വിജയം കണക്കാക്കുന്നത്. അതേസമയം, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകളിൽ വിജയം കൈവരിക്കാനാകുമെന്നാണ് പീപ്പിൾസ് പൾസ് പറയുന്നത്.

പി മാര്‍ക്ക്‌: യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും, ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത പ്രവചിക്കുമ്പോൾ, 71-79 സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമ്പോൾ ഭരണം നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫ് ശക്തമായി നിലനിൽക്കുമെന്നാണ് പ്രവചിക്കുന്നത്. 60-69 സീറ്റുകളില്‍ വരെ ഇടതുമുന്നണിക്ക് വിജയസാധ്യത പ്രവചിക്കുമ്പോൾ, എന്‍ഡിഎയ്ക്ക് ലഭിക്കുക ഒന്ന് മുതൽ നാല് സീറ്റുകൾ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *