‘അണ്ണാറക്കണ്ണനും തന്നാലായത്;’ ഒടിച്ചിട്ട് കടിച്ചത് 18 പേരെ,ഭീതിയിൽ ഒരു സർവകലാശാല

രാജസ്ഥാനിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിലാണ് ഈ വിചിത്ര സംഭവം. കോളേജ് ക്യാമ്പസിനെ മുൾമുനയിൽ നിർത്തി ഒരു അണ്ണാറക്കണ്ണൻ അഴിഞ്ഞാടുന്നു.  വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ ക്യാമ്പസിലൂടെ നടക്കാൻ പോലും ഭയക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ അണ്ണാൻ കടിച്ചും മാന്തിയും പരിക്കേൽപ്പിച്ചത് കോളേജ് ഡീൻ ഉൾപ്പെടെ 18 ലധികം പേരെയാണ്. ക്യാമ്പസിലെ വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ മരങ്ങൾക്ക് താഴെയും മറ്റും നിൽക്കാൻ തന്നെ ഭയപ്പെടുകയാണ്. അണ്ണാന്റെ അപ്രതീക്ഷിത ആക്രമണങ്ങൾ ക്യാമ്പസിലെ ദൈനംദിന ജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുകയാണ്. ഈ ഏപ്രിൽ 22-നും രണ്ടു ഗവേഷക വിദ്യാർത്ഥികൾക്ക് കടിയേറ്റിരുന്നു.

ഒരു ദിവസം താൻ ഓഫീസിൽ എത്തിയപ്പോൾ കർട്ടനു പിന്നിൽ ഒളിച്ചിരുന്ന അണ്ണാൻ പെട്ടെന്ന് തന്റെ നേർക്ക് ചാടിയെന്നും, ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ ഓടി രക്ഷപ്പെട്ടതെന്നും കോളേജ് ജീവനക്കാരനായ ബാബു ദിനേഷ് ചന്ദ്ര ഗുർജറും പറയുന്നു. നിലവിൽ ക്യാമ്പസിലെ മറ്റു പാവം അണ്ണാന്മാരെപ്പോലും ആളുകൾക്ക് ഇപ്പോൾ ഭയത്തോടെയാണ് കാണുന്നത്.

കടിയേറ്റ വിദ്യാർത്ഥികളെല്ലാം മുൻകരുതലിന്റെ ഭാഗമായി പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തുവരികയാണ്. കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന് സമീപം ഈ അണ്ണാൻ കൂടു കൂട്ടിയിട്ടുണ്ടെന്നും, സ്വന്തം അതിർത്തി സംരക്ഷിക്കാനുള്ള ശ്രമത്തിലാകാം ആളുകളെ ഇങ്ങനെ ആക്രമിക്കുന്നതെന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ആളുകളുടെ ദേഹത്തേക്ക് ചാടി കടിച്ചിട്ട് പെട്ടെന്ന് തന്നെ മരങ്ങളിലേക്ക് ഓടിമറയുന്നതാണ് അണ്ണാന്റെ രീതി.

അണ്ണാനെ പിടികൂടാൻ അനിമൽ എയ്ഡ് റെസ്ക്യൂ ടീം രണ്ടു തവണ ക്യാമ്പസിൽ വരികയും പലയിടത്തായി കൂടുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും അണ്ണാൻ സാർ ഇതുവരെ പിടിയിലായിട്ടില്ല. സംഭവത്തെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *