സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; ചരിത്ര പ്രഖ്യാപനവുമായി അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപനം നടത്തിയത്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി ബംഗാളിൽ അധികാരം പിടിച്ചെടുത്തത്.

മിഡ്‌നാപൂരിലെ സ്വാധീനമുള്ള അധികാരി കുടുംബത്തിൽ നിന്നാണ് സുവേന്ദുവിന്റെ വരവ്. കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2000-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 34 വർഷം നീണ്ട ഇടതുഭരണത്തെ താഴെയിറക്കാൻ മമതയെ സഹായിച്ച നന്ദിഗ്രാം സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു സുവേന്ദു. അതുകൊണ്ടുതന്നെ മമതയുടെ ഏറ്റവും അടുത്ത അനുയായിയായി അദ്ദേഹം ദീർഘകാലം നിലകൊണ്ടു.
മമത തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടിയിൽ രണ്ടാമനായി വാഴിക്കാൻ ശ്രമിച്ചതാണ് സുവേന്ദുവിനെ ചൊടിപ്പിച്ചത്. ഇതോടെ 2020-ൽ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം ബിജെപിയിൽ ചേർന്നു. ഇത് ബംഗാൾ രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *