കേരളത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് ആണെങ്കിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കും, മെയ് 11ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടാണ്.

