കേരള മുഖ്യമന്ത്രി ; രാഹുൽ ഗാന്ധി മടങ്ങി, പ്രഖ്യാപനം നാളെ – നിരാശയിൽ അണികൾ

സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക യോഗം പൂർത്തിയായി. ഘടക കക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. കെ.സി. വേണുഗോപാൽ ഉടനെ രാഹുലിനെ കാണാൻ പോകുന്നില്ലെന്നാണ് അറിവ്. പ്രഖ്യാപനം നീണ്ടേക്കാമെന്നും വിവരമുണ്ട്. മുക്കാൽ മണിക്കൂറോളമാണ് രാഹുലും ഖർഗയേയും തമ്മിൽ ചർച്ച നടത്തിയത്. ചർച്ചയ്ക്കിടെ ഇരുവരും സംസ്ഥാനത്തെ ഒരു നേതാക്കളെയും ഫോണിൽ വിളിച്ചില്ലെന്നാണ് അറിവ്.തീരുമാനമായെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നാളെയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ജയ്റാം രമേശ് പ്രതികരിച്ചു

മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാൽ കേന്ദ്ര നേതാക്കൾ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുൽ മല്ലികാർ‌ജുൻ ഖർഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

അതേ സമയം, തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിൽ ദീപാദാസ് മുൻഷി ഇല്ലെന്നാണ് വിവരം. നിലവിൽ ദീപാദാസ് മുൻഷിയുടെ ഫോൺ സ്വിച്ച് ഓഫാണ്. കേരളത്തിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡൽഹിയിൽ നിന്ന് തിരിക്കും മുൻപ് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ‌ പറഞ്ഞു. ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രഖ്യാപനം കാത്ത് ഇന്ദിരഭവനിൽ തുടരുകയാണ് അദ്ദേഹം. ഏതാനും പ്രവർത്തകരും നേതാക്കളും ഇന്ദിര ഭവനിൽ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും സുഹൃത്തുക്കളും പ്രഖ്യാപനം കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *