സീനിയോരിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു- അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്. പ്രതിപക്ഷ നേതാവായും കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പാർട്ടിയെ നയിച്ച ചെന്നിത്തലയെ മാറ്റിനിർത്തിയത് വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. നിയമസഭാ കക്ഷിയോഗത്തിൽ നേതാവിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *