മദ്യത്തിന് സുരക്ഷിതമായ ഒരളവില്ലെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യം കഴിക്കുന്നത് മിതമായ അളവിലാണെങ്കിൽപ്പോലും മസ്തിഷ്കാരോഗ്യം കാര്യമായി തകരാറിലാക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. ആൽക്കഹോൾ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
ചെറിയ അളവിൽ മദ്യം കഴിക്കുന്നതുപോലും മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം പറയുന്നു. മിതമായ മദ്യപാനവും തലച്ചോറിലേക്കുള്ള രക്തയോട്ടം തകരാറിലാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇരുപത്തിരണ്ടിനും എഴുപതിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ മദ്യോപഭോഗവും അതെങ്ങനെ മസ്തിഷ്കത്തെ ബാധിക്കുന്നുവെന്നുമാണ് പരിശോധിച്ചത്.
എംആർഐ സ്കാൻ ചെയ്താണ് മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും മദ്യപാനവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. പ്രായമായവരിൽ ഇതിന്റെ തോത് കൂടുതൽ പ്രകടമായിരുന്നു. കൂടുതൽ മദ്യപിക്കുന്നവരിലും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കൂടുതൽ കുറവാണെന്ന് കണ്ടെത്തി. ചിന്താശേഷി, ഓർമ, ഭാഷ എന്നിവയെയൊക്കെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗത്തെയാണ് രക്തയോട്ടം കുറയുന്നത് കൂടുതലായും ബാധിക്കുന്നത്. ക്രമേണ ഇത് വൈജ്ഞാനിക അപചയത്തിലേക്കും നയിക്കുമെന്ന് ഗവേഷകർ പറയുന്നു.
മിതമായ മദ്യപാനം മാനസികാരോഗ്യത്തിന് ഗുണകരമാണെന്നും ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഴയകാല ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പുതിയ ഗവേഷണങ്ങൾ ഈ സിദ്ധാന്തങ്ങളിൽനിന്ന് മാറുകയാണ്. മിതമായ മദ്യപാനം പോലും ഡിഎൻഎക്ക് കേടുപാടുകൾ വരുത്താനും ചിലതരം കാൻസറുകൾ വരാനുള്ള സാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ പറയുന്നു. മദ്യപാനാസക്തി ഗുരുതരമായ പലരോഗങ്ങളിലേക്കും നയിക്കുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലങ്ങളോളമുള്ള മദ്യപാനശീലം രക്തസമ്മർദം വർധിക്കുക, കരൾ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകും.

