കോഴിക്കോട്: മന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ വ്യാപക പ്രതിഷേധം. കോഴിക്കോട്ടെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയ്‌ക്കെതിരായ അവഗണനയിലാണ് പ്രതിഷേധം ശക്തമാകുന്നത്.
കോഴിക്കോടിന്റെ അയോഗ്യത എന്ത്? ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ചോദ്യം, കോഴിക്കോട് സമ്മേളനം നടത്താൻ മാത്രമുള്ള ജില്ല മാത്രമോ എന്നും പോസ്റ്ററിലുണ്ട്. ഇന്ന് പുലർച്ചെ ആണ് പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. നിലവിൽ പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ട്.
ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പുറത്താവുകയായിരുന്നു. മുസ്‍ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണ് സഭയിലെത്തുക. എന്നാൽ ടേം വ്യവസ്ഥയിലാണ് പാറയ്‌ക്കൽ അബ്ദുള്ള ഇടം പിടിച്ചിരിക്കുന്നത്. രണ്ടാം ടേമിൽ പാറയ്‌ക്കൽ അബ്ദുള്ള മന്ത്രിയാകും എന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് നിലവിലെ മന്ത്രിസഭയിൽ ഇടം പിടിച്ചിരിക്കുന്നത്.

