ദുബായ് : സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മുപ്പതുകാരിയായ അറബ് വനിതയെ ദുബായില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍ എം എന്ന വ്യാജപേരില്‍ സാമൂഹ്യമാധ്യമങ്ങളിലും ഇമെയിലിലും ഇവര്‍ അക്കൗണ്ട് തുറന്നിരുന്നു. ഇതിനിടെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും മറ്റു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ പണം തരണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

ഇവര്‍ ഇതിനു മുന്‍പും നൂറുകണക്കിനു സ്ത്രീകളില്‍ നിന്ന് പണം തട്ടിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌നാപ് ചാറ്റിലുള്ള വ്യാജ അക്കൗണ്ടുകളില്‍ കൂടിയാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. സ്ത്രീകളില്‍ നിന്നും 500 ദിര്‍ഹം വീതമാണ് ഇവര്‍ പകരമായി വാങ്ങിയിരുന്നത്. ഇവരുടെ യഥാര്‍ത്ഥ പേരും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ സ്മാര്‍ട്ട് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങളോടും പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോടും പ്രതികരിക്കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *