കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു

കോഴിക്കോട്: കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. സോന കാർ കത്തിച്ചെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരിൽ നിന്നു കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്നു കാർ കത്തുകയായിരുന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു.

അപകടം ഒട്ടേറെ സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിവച്ചിരുന്നു. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിനു തീപിടിച്ചതെന്നു പൊലീസിനു നിർണായക വിവരം ലഭിച്ചിരുന്നു.  അപകടത്തിൽ മരിച്ച സോന, സംഭവത്തിനു മുൻപ് പെട്രോൾ പമ്പിൽ നിന്നു കാനിൽ പെട്രോൾ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തിൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നു പെട്രോൾ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്നു തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. യാത്രയ്ക്കിടയിൽ കാറിൽ നിന്നു പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്നു ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള സോനയുടെ ഭർത്താവ് രജിൻലാൽ അന്വേഷണ സംഘത്തിനു നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *