അമ്മ സംഘടനയിൽ നിന്നും താൻ രാജി വെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.
‘എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാൻ ഇല്ല’ അൻസിബ പറഞ്ഞു.
നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു.
മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയിൽനിന്ന് കഴിഞ്ഞ ദിവസമാണ് നടി അൻസിബ ഹസൻ രാജിവെച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് അൻസിബ രാജി സമർപ്പിച്ചത്. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് ശ്വേത മേനോൻ അന്ന് പറഞ്ഞത്.

