അട്ടപ്പാടി മധു കൊലക്കേസ് ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. മണ്ണാർക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികളും സംസ്ഥാന സർക്കാരും സമർപ്പിച്ച അപ്പിലുകളിലാണ് വിധി. രണ്ടു പ്രതികളെ വെറുതെവിട്ട നടപടിയും ശരിവച്ചു. 12 പ്രതികളുടെ അപ്പീല്‍ തള്ളി. പതിനാറാം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. പ്രതികള്‍ക്കുള്ള ശിക്ഷ 12.30ന് വിധിക്കും. 16 പേരിൽ 14 പേരെയാണ് വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്.
ഇതിൽ 13 പേർക്ക് ഏഴുവർഷം കഠിനതടവും, ഒരാൾക്ക് മൂന്നുമാസം തടവുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ടവർക്കും, വെറുതേ വിട്ടവർക്കും ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നായിരുന്നു സർക്കാരിന്റെ അപ്പീലിലെ ആവശ്യം.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട 13 പേർ ഹൈക്കോടതിയെ സമീപിച്ചത്. 2018 ഫെബ്രുവരി 22നാണ് പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്.

