‘കാറിന് തീയിട്ടത് സോന തന്നെ’; പേരാമ്പ്ര കേസ് അവസാനിപ്പിക്കാൻ പൊലീസ്

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി സോനയും ഭർത്താവ് രജിൻലാലും മരിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. കാർ കത്താൻ കാരണം സോന ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന കണ്ടെത്തൽ അടങ്ങിയ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുക.

കാർ കത്തിയ ശേഷം നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടിന്റെ സൂചനകൾ ഇല്ലാതിരുന്നതും, രജിൻലാലും സോനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സോനയുടെ കുടുംബത്തിന്റെ പരാതിയുമാണ് കേസിൽ ദുരൂഹത വർദ്ധിപ്പിച്ചത്. എന്നാൽ, കാർ കത്തുന്ന മെയ് 15-ന് പേരാമ്പ്രയിലെ ബന്ധുവീട്ടിലെത്തിയ സോന പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് കേസിൽ വഴിത്തിരിവായി.

പെട്രോൾ വാങ്ങി കാറിനുള്ളിൽ വച്ച് സോന തീയിട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രജിൻലാലിന്റെ മരണമൊഴിയും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലും സ്വാഭാവികമായ രീതിയിൽ കാർ കത്തിയതിന്റെ സൂചനകൾ കണ്ടെത്തിയിരുന്നില്ല. ഫോറൻസിക് റിപ്പോർട്ടും സോനയുടെയും രജിൻലാലിന്റെയും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവരുമ്പോൾ പെട്രോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനായാൽ പൊലീസിന് കണ്ടെത്തലുകൾ ഉറപ്പിക്കാം. ഈ റിപ്പോർട്ടുകൾ കൂടി ചേർത്താകും പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *