പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ തകർത്തത്. വലിയ സംഘർഷത്തിനാണ് തിരുവനന്തപുരം സാക്ഷിയായത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് ഇന്ന് നടന്നത്.
ഇതിനിടെ കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂർത്തിയായിട്ടുണ്ട്.
തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകർ സിആർപിഎഫ് ഉദ്യോഗസ്ഥരോട് ആക്രോശിച്ചിരുന്നു. പിണറായി വിജയന്റെ ബേക്കറി ജംഗഷനിലെ വീട്ടിന് മുന്നിലാണ് പ്രതിഷേധം. മുന്‍മന്ത്രി വി.ശിവന്‍കുട്ടി, വി.ജോയി എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, വി.കെ.പ്രശാന്ത്, ബിനീഷ് കോടിയേരി തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

