റെയ്ഡിൽ ഇഡി മരവിപ്പിച്ചത് 18 കോടിയിലധികം വരുന്ന സ്വത്തുക്കൾ, ഒപ്പം വീണയുടെ ഒന്നരലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് (വീണ ടി.) നേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിര്‍ണായക നടപടി. ബുധനാഴ്ച കേരളത്തിലും കര്‍ണാടകയിലുമായി നടന്ന വ്യാപക റെയ്ഡുകള്‍ക്ക് പിന്നാലെ വീണയുടെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു. ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposits) രേഖകളും പരിശോധനയില്‍ ഇ.ഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിന് പിന്നാലെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീണ വിജയന്റെ ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിന്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്.
റെയ്ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിന്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, വ്യാജരേഖകൾ, അക്കൗണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഇവയുടെ സൂക്ഷ്പരിശോധന ആരംഭിച്ചു.

