കൊച്ചി: താനുമായി അപകീർത്തിപരമായ ബന്ധമുണ്ടെന്ന പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ നിർബന്ധിച്ചെന്ന് കാണിച്ച് കുക്കു പരമേശ്വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസിൽ പരാതി നൽകി അമ്മ ഓഫിസ് ജീവനക്കാരി. ജീവനക്കാരനുമായുള്ള ഫോൺ സംഭാഷണം ഇവർ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി. നീന കുറുപ്പ്, ഉണ്ണി ശിവപാൽ എന്നിവരാണ് മറ്റ് രണ്ട് പേർ.
ഹണി ട്രാപ്പ് എന്ന രീതിയിൽ അവതരിപ്പിച്ച് ജീവനക്കാരിയെ മോശമായി ചിത്രീകരിക്കാൻ ഇവർ നിർബന്ധിച്ചുവെന്നാണ് ജീവനക്കാരൻ പറയുന്നത്. പരാതി നൽിയ ജീവനക്കാരി നേരത്തെയും ഉണ്ണി ശിവപാൽ തന്നോട് മോശമായി പെരുമാറിയെന്ന് പരാതി ഉന്നയിച്ചിരുന്നു.
കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ഫ്രണ്ട് ഓഫിസ് ജീവനക്കാരിയെ ഒരു കാരണവുമില്ലാതെ പറഞ്ഞു വിട്ടു എന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പിരിച്ചു വിട്ടതിനെ തുടർന്ന് അമ്മക്കും ലേബർ ഓഫിസിലും ജീവനക്കാരി പരാതി നൽകി. പിന്നീട് ശ്വതേ മേനോൻ അടക്കമുള്ളവർ ഇടപെട്ട് ഇവരെ തിരിച്ചെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് സെക്യൂരിറ്റി ജീവനക്കാരനുമായി വഴിവിട്ട ബന്ധത്തിന്‍റെ പേരിലാണെന്ന് വരുത്തി തീര്‍ക്കാൻ കുക്കു പരമേശ്വരൻ അടക്കമുള്ളവർ ശ്രമിച്ചതെന്ന് ജീവനക്കാരി ആരോപിക്കുന്നു.

