കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. നാലുമാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കേസന്വേഷണത്തിൽ ഈ പരിശോധനാഫലം നിർണായകമാകും.
സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധനാഫലം പുറത്തുവരുന്നതോടുകൂടി വ്യക്തമാകും. വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികൾ മാറ്റിയോ എന്നതടക്കം വ്യക്തമാകും. മാത്രമല്ല, ചെമ്പുപാളികളുടെ കാലപ്പഴക്ക നിർണയവും ലഭിച്ച ഫലത്തിലുണ്ട്. പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തിൽ കുറ്റപത്രം ഉടൻ തന്നെ സമർപ്പിച്ചേക്കും. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശബരിമലയിൽ നിന്ന് യഥാർത്ഥത്തിൽ എത്രമാത്രം സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ കഴിയൂ എന്ന് നേരത്തേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ കേസിൽ പൂർണ്ണമായ കുറ്റപത്രം തയ്യാറാക്കാനും സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിനെ അറിയിച്ചതുമാണ്.
2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണ്ണം പൂശൽ ജോലിയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണ്.

