മലബാറിലെ  മൂന്ന് ജില്ലകളിൽ എൻഐഎ സംഘം; മിന്നൽ പരിശോധന സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി

വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് പരിശോധന. കൂടുതൽ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് തിരൂരങ്ങാടിയിൽ നിന്ന് സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഒരു ലോറി കണ്ടെത്തിയിരുന്നു. ഹോളോബ്രിക്‌സ് കടയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ലോറിയായിരുന്നു അത്.

ക്വാറിയിലെ ആവശ്യത്തിനുവേണ്ടിയാണ് സ്‌ഫോടക വസ്‌തുക്കൾ കൊണ്ടുപോകുന്നതെന്നായിരുന്നു അന്ന് ലോറി ഉടമ നൽകിയ വിശദീകരണം. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ എൻഐഎ എത്തിയിരിക്കുന്നത്. ഹോളോബ്രിക്‌സ് കടയുടെ ഗോഡൗണിലും ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വീട്ടിലുമാണ് ഇപ്പോൾ എൻഐഎ പരിശോധന നടത്തുന്നത്.

കോഴിക്കോട് മുക്കത്തും എൻഐഎ പരിശോധന നടക്കുകയാണ്. ഹാരിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എക്‌സലൻഡ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് പരിശോധന നടക്കുന്നത്. രണ്ട് മാസം മുമ്പ് കൊണ്ടോട്ടിയിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

കേസിൽ രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. സേലത്ത് നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കൊണ്ടുവന്നതെന്നാണ് പിടിയിലായവർ പറഞ്ഞത്.കാസർകോട് ജില്ലയിൽ ചിറ്റാരിക്കലിലാണ് എൻഐഎ പരിശോധന നടക്കുന്നത്. സജി എന്നയാൾ നേരത്തേ നടത്തിയിരുന്ന കരിങ്കൽ ക്വാറിയിലും വീട്ടിലുമാണ് പരിശോധന നടത്തുന്നത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെ എത്തിച്ചത് സജിയാണ് എന്ന നിഗമനത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്. കരിങ്കൽ ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇവിടെ വിശദമായ തെരച്ചിൽ നടത്തുകയാണ് അന്വേഷണ സംഘം.

#NIA #KeralaNews #Malabar #BreakingNews #Investigation #Explosives

 

Leave a Reply

Your email address will not be published. Required fields are marked *