കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ ആരോപിച്ചു. റെയ്ഞ്ച് ഐജി വിജയ് സാക്കറെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയും നിലവിലെ അന്വേഷണ സംഘത്തെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കിക്കുന്നില്ലെന്നും, പരാതിക്കാരിയെ അപമാനിച്ച പി.സി ജോര്‍ജ്ജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.

അതേസമയം, ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരുകയാണ്. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് നിരാഹാരമിരിക്കുക.

പരാതി നല്‍കിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ഇന്നലെ തുടക്കമിട്ട പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.

ഹൈക്കോടതി ജംങ്ഷനിലെ സമരപന്തലിലേക്ക് ഇന്ന് കന്യാസ്ത്രീയെ പിന്തുണക്കുന്ന കൂടുതല്‍ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും എത്തും. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം.

ബിഷപ്പിന്റെ അറസ്റ്റുണ്ടാകുന്നത് വരെ സമരരംഗത്തുണ്ടാകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജിനെതിരെ നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *