ഷാര്‍ജ: ഇന്ത്യന്‍ യുവതിയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട് ശേഷം മലയാളിയായ ഭര്‍ത്താവ് നാട്ടിലേക്ക് മുങ്ങിയതായി പൊലീസ്. കൊലനടത്തിയത് എങ്ങനെയെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മുപ്പത്തിയാറുകാരിയായ യുവതിയുടെ സഹോദരന്‍ ഷാര്‍ജയിലെത്തി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംവം പുറംലോകമറിയുന്നത്. സഹോദരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ ഷാര്‍ജയിലെത്തിയത്.

വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു.

വീടിനുള്ളില്‍ ഒരു ഭാഗത്ത് ടൈലുകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറന്‍സിക് നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

നാട്ടിലേക്ക് കടന്നെന്ന് കരുതുന്ന ഭര്‍ത്താവിനെ കണ്ടെത്താനായി ഇന്റര്‍പോളിനു വിവരം കൈമാറിയിരിക്കുകയാണ്. നാട്ടിലേക്ക മടങ്ങുന്നതിനു മുമ്പ് ഇയാള്‍ വീടിനു മുന്നില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *